Wednesday, April 27, 2011

ജീവന്റെ പുതുമുകുളങ്ങള്‍ എങ്ങനെയെങ്കിലും വിടരട്ടെ!!

Posted by ചാക്യാര്‍ 10:59 AM, under | No comments


ജനന മരണങ്ങള്‍ക്ക് നിയതി അതിന്റേതായ രൂപഭാവങ്ങളും സംവിധാനങ്ങളും  ഒരുക്കിയിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞു അമ്മയുടെ ഗര്‍ഭാശയത്തില്‍ എത്ര നാള്‍ കഴിയണം എന്നതും ഏതു രീതിയില്‍ പുറത്ത് വരണം എന്നുള്ളതും എങ്ങനെ വളരണം എന്നുള്ളതും പ്രകൃതിയുടെ നിയമത്തില്‍ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെതിരെ നടക്കുന്ന ഏതു പ്രവര്‍ത്തനവും ഗര്‍ഭസ്ഥ ശിശുവിനോട് ചെയ്യുന്ന മഹാ പാതകവും മാനുഷികമായി കൊടും ശിക്ഷ അര്‍ഹിക്കുന്നതുമാണ് കഴിഞ്ഞ ദിവസത്തെ പത്ര മാധ്യമങ്ങളിലെ വാര്‍ത്തയായ 'കൂട്ട സിസേറിയന്‍' ആണ് ഈ പോസ്റ്റിനു നിദാനം.
"ദൈവമേ! .. എന്ത് ക്രൂരതയാണ് ഇവര്‍ ചെയ്തു കൂട്ടുന്നത്‌ , പണത്തിനോടുള്ള ആര്‍ത്തി ! അല്ല! ആക്രാന്തം , വിവരവും വിദ്യാഭ്യാസവും വേണ്ടുവോളവും അതിലധികവും ഉള്ള , മാലാഖമാരെന്നും ദൈവ തുല്ല്യരെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടര്‍മാരെ തന്നെ ഇങ്ങനെ രക്തദാഹികളായ നക്തഞ്ചരന്‍മാരാക്കി തീര്‍ക്കുമ്പോള്‍ പാവപ്പെട്ട 'റൊട്ടി മോഷ്ട്ടാവിനെ' നമുക്കെങ്ങനെ പഴിക്കാനാവും 
ഇന്ന് ഡോക്ടര്‍മാരെ രണ്ടായി തരാം തിരിക്കാം , പണത്തെ സേവിക്കുന്നവരും മനുഷ്യരെ സ്നേഹിക്കുന്നവരും ഓരോ വിഭാഗത്തിനും അവരവരുടേതായ വിശേഷണങ്ങള്‍ പ്രിയ ബ്ലോഗു വായനക്കാരാ നിങ്ങള്‍ തന്നെ നല്‍കുക. ഇതില്‍ മനുഷ്യനെ സ്നേഹിക്കുന്ന ഡോക്ടര്‍മാരാണ് യഥാര്‍ത്ത ആതുര സേവകര്‍, മരുന്ന് കമ്പനികളുടെ കമ്മീഷന് വേണ്ടി വേണ്ടതിലധികം വിഷം മനുഷ്യ ശരീരത്തില്‍ ചെലുത്താന്‍ വിസമ്മതിക്കുകയും ഗര്‍ഭസ്ഥ ശിശു മുതല്‍ മരണ കിടക്കയില്‍ കിടക്കുന്ന വയോജനങ്ങളെ വരെ പണമെന്ന മീറ്റര്‍ ഇല്ലാതെ തന്നെ മനുഷ്യനെന്ന നിലയില്‍ മാത്രം സേവിക്കുകയും ചെയ്യുന്ന ഇവരാണ് യഥാര്‍ത്ഥ മാലാഖമാര്‍! വിശുദ്ധിയുടെ ശുഭ്ര വസ്ത്രധാരികള്‍ 
മറു വിഭാഗം ! ഹാ കഷ്ട്ടം ( 'കാ ' ക്ക് ആരെങ്കിലും ദീര്‍ഘം നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ ) വിശുദ്ധിയുടെ വെന്‍പ്രാവുകളുടെ ശുഭ്ര വസ്ത്രം അന്യായമായി കൈക്കലാക്കിയ കഴുകന്മാര്‍ ! മരുന്ന് കംപനികാരന്റെ ഗിഫ്റ്റിനും കമ്മീഷനും മുന്നില്‍ എത്തിക്സ് മറക്കുന്നവര്‍ , ഫീസ്‌ അല്ലെങ്കില്‍ കൈമണി കുറഞ്ഞതിന്റെ പേരില്‍ പാവപ്പെട്ടവന് ചികിത്സ നിഷേധിക്കുകയും വേണ്ട വിധം പരിചരണം ലഭിക്കാതെ അവന്‍ മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാത്തവര്‍, കാര്യമാരിഞ്ഞു ജനം പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ അന്വേഷണ പ്രഹസനം നടത്തി മെഡിക്കല്‍ നെഗ്ലിക്കന്സില്‍ പെടുത്തി എഴുതി തള്ളുകയും ചെയ്യുന്നവര്‍ പുലരിയുടെ പുഞ്ചിരിയും പനിനീര്‍ പൂവിന്റെ വിശുദ്ധിയും ജീവിതത്തിന്റെ സൗന്ദര്യവും കാണാന്‍ അവകാശം ഉള്ള പുതു ഭ്രൂണത്തെ മനസ്സാക്ഷിയില്ലാതെ പിഴുതെറിയുന്നവര്‍, അമ്മയുടെ ഗര്ഭാഷയത്ത്തിലെ സ്വാഭാവിക വളര്‍ച്ച പോലും പല പേരുകളും പറഞ്ഞു കുഞ്ഞിനു നിഷേധിക്കുന്നവര്‍ , സാക്ഷാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ .
ആതുര സേവന രംഗത്ത് ഇന്ന് നടക്കുന്ന യാഥാര്‍ത്യങ്ങള്‍ ഒരു സാധാരണക്കാരനെ സംബന്തിച്ചിടത്തോളം വളരെ ഭീതിജനകമാണ്. ഒരു വിദ്യാര്‍ഥി ഡോക്ടറാവാന്‍ തീരുമാനിച്ചു മേടിക്കല്‍ കോളേജുകളില്‍ പല വഴികളിലൂടെ കയറിപറ്റുന്നു പണം വഴി , പവര്‍ വഴി , വളരെ കുറച്ചു പേര്‍ യോഗ്യത വഴിയും അവരവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ അവനിലെ മനുഷ്യത്വം തന്നെ മുരടിച്ചു പോകുന്ന രീതിയിലാണ് പല സംഭവങ്ങള്‍. കേരളത്തിലെ പ്രശസ്തയായ ഒരു ഡോക്ടറുടെ അനുഭവകുറിപ്പുകളില്‍ അവരെ 'കടാവര്‍' (മൃതദേഹത്തിലെ മാംസ കഷ്ണം ) തീറ്റിച്ച സംഭവം വായിച്ചതോര്‍ക്കുന്നു ഇങ്ങിനെ ഇവരെ മനുഷ്യത്വം മരവിച്ച രാക്ഷസന്മാരാക്കി പുരത്തിരക്കിയാല്‍ ഇവര്‍ പിന്നെ എങ്ങനെയായി തീരും.?
പണത്തിനു വേണ്ടി മാത്രമല്ല ഇന്നീ ചെയ്തികള്‍ ടോക്ടര്മാര്‍ക്കിടയിലെ ഈഗോ ക്ലാശുകള്‍, ലീവെടുക്കുവാനും തന്റെ ലീവിന്റെ സമയത്ത് മറ്റു ഡോക്ടര്‍മാരുടെ അടുത്തേക്ക് തന്റെ രോഗി പോയാലുണ്ടാവുന്ന ബിസിനെസ്സ് ലോസ്സും മറ്റും ഇത്തരം മ്രിഗീയതകള്‍ക്ക് കാരണമാവുന്നുണ്ട്. മുഖത്ത് നോക്കി പുഞ്ചിരിച്ചു രോഗിയുടെ മനസ്സിന് പകുതിയെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്ന ഭിഷഗ്വരന്മാര്‍ ഇന്ന് മരുന്നിനു പോലും കാണാനില്ല. പകരം രോഗിയുടെ പോക്കറ്റിലേക്കു കണ്ണും മരുന്നിന്റെ കമ്മീഷനിലേക്ക് മനസ്സും തുറന്നിരിക്കുന്ന ഡ്രാക്കുളമാര്‍ അവരാണിന്നു അരങ്ങു വാഴുന്നത്.
അവരെ മാത്രമെന്തിനു പഴിക്കണം, ഏറ്റവും വലിയ ബ്ലൈഡ് ആശുപത്രികളിലെ പ്രസവവും ചികിത്സയും അഭിമാന പ്രതീകമായി കാണുന്ന മലയാളിയുടെ പൊങ്ങച്ച മനോഭാവത്തിന്റെ മുഖത്താണ് ആദ്യം അടി വീഴേണ്ടത് നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ അതിനി മാറ്റാനാവുമെന്നു തോന്നുന്നില്ല.
"ഞാനിപ്പ ചാവും... ടാക്കിട്ടരെ കൊണ്ട് വായോ ...." എന്ന് കരഞ്ഞ ബഷീറിയന്‍ കഥാപാത്രം ഇന്ന് വളര്‍ന്നു പന്തലിച്ചു ഭീജാവാപം പോലും ഡാക്കിട്ടര്‍ പറയുന്ന സമയത്ത് നടത്തുന്നതിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു നക്ഷത്രവും നാലും നോക്കിയുള്ള സിസേരിയനുകള്‍ വേറെയും 
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശങ്ങള്‍ രക്ഷിതാക്കളുടെ മനോവ്യാപാരങ്ങള്‍ക്കനുസരിച്ചു മാറ്റുന്നത് തന്നെ അഭിലഷനീയമാണോ? പിന്നെയല്ലേ ഇവരുമായി പണത്തിന്റെ മാത്രം ബന്ധമുള്ള ഡോക്ട്ടര്‍ തന്റെ ലീവിനായി (മറ്റു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് സേവനം നല്‍കുക വഴി അവരുടെ ഫീസ്‌ തനിക്കു നഷ്ട്ടപെടാതിരിക്കാന്‍) നേരത്തെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നതും തന്റെ സ്വന്തം കുഞ്ഞിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോവുന്നതും യഥാര്‍ത്തത്തില്‍ എത്രയോ പിഞ്ചു കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഇവര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ മനസ്സാക്ഷികുത്തില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നതെങ്ങനെയാണ് ? അവര്‍ക്ക് വാരി കൊടുക്കുന്ന ചോറുരുളയില്‍  എത്ര രക്തത്തുള്ളികള്‍ എത്ര കണ്ണീര്‍ കണങ്ങള്‍ എത്രയെത്ര പിറക്കാനാവാതെ കത്തി വെക്കപ്പെട്ട പാതിയില്‍ മൃത്യു വരിച്ച ഭ്രൂണങ്ങള്‍ ഇതല്ലേ അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടുന്നത് ?
ഈ ഒരെഴുത്ത് വായിച്ചു നാട്ടിലെ ഡോക്ടര്‍മാരെല്ലാം നാളെ മുതല്‍ ഗാന്ധിയന്മാരായിത്തീരും എന്ന് തോന്നിയത് കൊണ്ടൊന്നുമല്ല ഇതെഴുതുന്നത് വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിനുണ്ടായ വിങ്ങലിനു ഇപ്രകാരമെങ്കിലും അല്‍പ്പം ശമനം ലഭിക്കട്ടെ എന്ന ആഗ്രഹം മാത്രം.

Monday, April 25, 2011

ലവനാരെടാ പൊന്നാട ഇട്ടതു? ( കടപ്പാട് ബഷീര്‍ക്ക )

Posted by ചാക്യാര്‍ 12:28 PM, under | No comments



എന്ടോസള്‍ഫാനേ കുറിച്ച് എന്തെഴുതിയാലും ഹിറ്റാവും എന്നത് കൊണ്ട് മാത്രം അതിനെ കുറിച്ചെഴുതാന്‍ മാത്രം വിഡ്ഢിയാണ് മലയാള ബൂലോകത്തിന്റെ 'പുലി ബ്ലോഗര്‍' ബഷീര്‍ക്ക  എന്ന് എനിക്ക് തോന്നുന്നില്ല.

പക്ഷെ പ്രതികരിക്കാതെ വയ്യ , കാരണം നിങ്ങള്‍ക്കും നിങ്ങളുടെ അളിയന്മാര്‍ക്കും കാശ് കിട്ടാത്തത് കൊണ്ടാണ് എന്നും കാശ് കിട്ടിയിരുന്നെങ്കില്‍ 'ദീപസ്തംബം മഹാശ്ചര്യം എനിക്കും വേണം പണം' എന്നാ മട്ടില്‍ എന്ടോസല്ഫാന്റെ മൂടുതാങ്ങി മൂരാച്ച്ഹിയാവുമെന്ന ഒരു ധ്വനി എഴുത്തില്‍ പ്രകടമാകുന്നുണ്ട്.
വിഷ മരുന്നിന്റെ ഇരകളായ ജീവിതങ്ങള്‍ ആ വേദനയില്‍ നീറുന്ന കുരുന്നുകളും അവരുടെ രക്ഷിതാക്കളും അവരെ സഹായിക്കാനോ സഹതാപിക്കാണോ ഉള്ള സുമനസ്സു ഇല്ലെങ്കില്‍ കൂടി അവരെ അപഹസിക്കരുതായിരുന്നു ചെറിയ ഉടലും വലിയ തലയുമുള്ള കുട്ടികള്‍ എന്നാ പ്രയോഗം കൊണ്ട് മാത്രം ആരുടേയും മനസ്സില്‍ ആദ്യമെത്തുക എന്ടോസള്‍ഫാനും അതിന്റെ ഇരകളുമാണ് ആ ദൈന്യത അത്രമാത്രം മലയാള മനസ്സിനെ കീഴ്ഴ്ടക്കി കളഞ്ഞിട്ടുണ്ട് 
സ്വന്തം തള്ള മരിച്ചു കിടക്കുമ്പോഴും അതിനെ കളിയാക്കാനുള്ള ചങ്കൂറ്റവും ഹൃദയ കാഠിന്യവും ഉള്ളവര്‍ക്ക് മാത്രമേ ഈ കുരുന്നുകളുടെ ദൈന്യതയില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തി നോവിക്കാനാവൂ .
പൊതുവേ ഇ സമരത്തെ അവഹേളിച്ചു കാണിക്കുന്ന രീതിയിലുള്ള താങ്കളുടെ എഴുത്തും അതിലുള്‍ക്കൊണ്ട വിദേശ കുത്തകകളുടെ ഫണ്ടിങ്ങും കൂട്ടി വായിക്കുമ്പോള്‍ താങ്കള്‍ക്കും അളിയന്മാര്‍ക്കും മാത്രമല്ല അമ്മായിയപ്പന്മാര്‍ക്കും വരെ ധനം ലഭിക്കുന്നുണ്ടോ എന്നാ സംശയം സ്വാഭാവികം മാത്രം. അതോ എലിയുടെ പ്രാണ വേദനയിലും രസം കൊള്ളുന്ന പൂച്ചയുടെ പ്രാകൃത മൃഗീയതയോ? 
ഏതായാലും താങ്കളെ പോലുള്ളവരുടെയും ചില കേന്ദ്ര മന്ത്രിമാരുടെയും വീടിനു ചുറ്റും എന്ടോസള്‍ഫാന്‍ ഒരിക്കല്‍ തളിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുക്കുന്ന കാലം വിദൂരമല്ല താങ്കളും സഹകരിക്കണം പേടിക്കേണ്ട നല്ല കാശ് തരാം.  നമ്മുടെ കാര്‍ഷിക മേഖല അഭിവൃദ്ധി പെടട്ടെ കപ്പലണ്ടിയുടെ വിലപോലും ഇല്ലാത്ത മനുഷ്യ വര്‍ഗ്ഗത്തില്‍ പെട്ട ഒരാളുടെ അപേക്ഷയാണ്. 
ഇപ്പൊ ഞാനും ചോദിക്കുന്നു ലവനാരെടാ പൊന്നാട ഇട്ടതു ? 


Tuesday, January 18, 2011

എനിക്കും വേണം മോചനം .....

Posted by ചാക്യാര്‍ 12:37 AM, under | 1 comment



ലിയ ഇരുമ്പ് കവാടത്തിന്റെ ചെറിയ വാതിലിലൂടെ രഘു പുറത്തിറങ്ങി. മഴ പെയ്തൊഴിഞ്ഞ ഇരുണ്ടു മൂടിയ കാലാവസ്ഥ,നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ കാല്പാടുകള്‍ തെളിഞ്ഞു കാണാം മഴത്തുള്ളികള്‍ ഇലകളില്‍ നിന്നും ഓടുകളില്‍ നിന്നും ഇറ്റിറ്റു വീണു കൊണ്ടിരുന്നു താളം തെറ്റിയ നാടിനും ബോധമില്ലാത്ത മനുഷ്യനുമൊപ്പം മഴയും മത്സരിക്കുന്നു, നിര്‍ത്താതെ തന്റെ രോഷം പ്രകടമാക്കുന്നു. കൃത്യമായ മാസ കണക്കുകളൊക്കെ മഴയും മറന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നോ ഒഴുകിയെത്തിയ തണുത്ത കാറ്റ് രഘുവിന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിച്ചു. നനഞ്ഞു കുളിച്ച പക്ഷികള്‍ മരചില്ലകളില്‍ ഉറക്കം തൂങ്ങി ഇരിക്കുന്നു. റോഡിനിരുവശത്തും മഴയില്‍ സ്വമേധയാ ഉണ്ടായ ചാലുകളിലൂടെ മഴ വെള്ളം ചെറിയ ശബ്ദം പുറപ്പെടുവിച്ചു ഒഴുകി കൊണ്ടിരുന്നു. കുറച്ചു നേരം പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ചു കൊണ്ടിരുന്ന രഘു ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലേക്കിറങ്ങി അപ്പോഴാണ്‌  രഘുവിന്റെ മുന്നില്ലേക്ക് കലങ്ങിയ ചുവന്ന കണ്ണുകളും ആളെക്കാള്‍ മുന്നേ നടക്കുന്ന കുടവയറുമായി കോണ്‍സ്റ്റബിള്‍ രാമന്‍ പിള്ളയും ഒരു സുഹൃത്തും വന്നു പെട്ടത് .
"എന്ത രഘുവേ,ഒന്നും പറയാതെ പോവ്വാണോ? "
ഉവ്വ് എന്നര്‍ത്ഥം വരുന്ന ഒരു ചെറിയ ചിരി മാത്രമാണ് രഘു മറുപടിയായി കൊടുത്തത് . രഘുവിന്റെ കയ്യില്‍ ചെറുതായി തൊട്ടു കൊണ്ട് രാമന്‍പിള്ള ചോദിച്ചു 
" ഇനി എപ്പോഴാന്നെടോ ഇങ്ങോട്ടൊക്കെ? "
കയ്യില്‍ പൊതിഞ്ഞു വെച്ചിരുന്ന വസ്ത്രകെട്ടു കക്ഷത്തില്‍ വെച്ച് മുഖത്ത് ഭാവ മാറ്റങ്ങള്‍ ഒന്നും വരാതെ രഘു തമാശ രൂപേനെ പറഞ്ഞു 
" എന്റെ പോന്നു രാമന്‍ സാറേ ഇനിയും ഈ നരകത്തിലേക്ക് തിരിച്ചു വരാനോ?  പോട്ടെ സാറേ ......." വാക്കുകള്‍ പൂര്‍ണ്ണമാകുന്നതിനു മുന്‍പ് തന്നെ രഘു നടത്തം ആരംഭിച്ചിരുന്നു.
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകലുന്ന രഘുവിനെ കുറിച്ച് രാമന്‍ പിള്ളയോടായി സുഹൃത്ത് 
" ലെവന്‍ ഇത്തിരി മുറ്റാനെന്നു തോന്നുന്നു!! അവന്റെ മുഖത്തും ആ പെരുമാറ്റത്തിലും ഒക്കെ ഒരു വല്ലാത്ത നിഖൂടത ഖനീഭവിച്ചു കിടക്കുന്നുണ്ട്.പക്ഷെ കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്നതാനെന്നെ തോന്നൂ ഒരു മുഖശ്രീ ഒക്കെ ഉള്ള പയ്യനാ അല്ലെ രാമാ?" 
പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റു കൂടെടുത്ത് അതിലൊന്നിന് തിരി കൊടുത്തു രാമന്‍ പിള്ള വാചാലനാകാന്‍ തുടങ്ങി.
" എന്റെ പന്ത്രണ്ടു വര്‍ഷത്തെ പോലീസ് ജീവിതത്തിനിടയില്‍ ഇത്തരത്തിലൊരു തടവ്‌ പുള്ളിയെ ഞാന്‍ കണ്ടിട്ടില്ല മാന്യമായ പെരുമാറ്റം എല്ലാവരോടും ബഹുമാനം ഉയര്‍ന്ന വിദ്യാഭ്യാസം....... 
രാമന്‍പിള്ള ആഞ്ഞു വലിച്ചൊരു പുകയെടുത്തു വേദനിപ്പിക്കാതെ കുറേശ്ശെയായി പുറത്തേക്കു വിട്ടു കൊണ്ട് സംസാരം തുടര്‍ന്നു
"ആ ചെക്കന്‍ വല്ല്യ തറവാട്ടില്‍ ഒന്നും അല്ലടോ ജനിച്ചത്‌. ഒരു ഇടത്തരം കുടുംബത്തിലെ ചെക്കനാ.... ഒരു എല്‍ പി സ്കൂള്‍ വാധ്യാരായിരുന്നു ചെക്കന്റെ അച്ഛന്‍. രഘുവിന് താഴെ രണ്ടു പെണ്മക്കളും വയ്യാതെ കിടക്കുന്ന ഒരു തള്ളയും അതാണ്‌ അവന്റെ കുടുംബം. അവന്റെ അച്ഛന്‍ വല്ല്യ സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയകാരനും ഒക്കെയാ ഇയാള് അദ്വാനിക്കുന്നതിന്റെ ഒരുപാതി പാര്‍ട്ടിയും അനുരച്ചരന്മാരും തിന്നു ആ വഹയില്‍ അയാള് കൊറേ കളഞ്ഞു കുളിച്ചു. പക്ഷെ കുറ്റം പറയരുതല്ലോ... മക്കളെ നന്നായി പഠിപ്പിച്ചു ആരുടെ മുന്നിലും പോയി കൈ നീട്ടാതെ അന്തസ്സായി പോറ്റി വളര്‍ത്തി. ഹാ............ ആ ചെക്കനിലായിരുന്നു അങ്ങേരുടെ ആകെയുള്ള ഒരു പ്രതീക്ഷ അത് ഇങ്ങനെയായി."
"അല്ല രാമാ .... ആ ചെക്കന്‍ എങ്ങനെയാ ഇവിടെയെത്തിയത് "
കയ്യിലെ സിഗരറ്റു കുറ്റി ചെരിപ്പിനടിയിലിട്ടു ഞെരിച്ചമര്‍ത്തി രാമന്‍ പിള്ള ഒരു വാഗ്മിയുടെ ഭാവത്തോടെ  പ്രകൃതി തത്വങ്ങളും വിധിയുടെ പരീക്ഷങ്ങളും ചേര്‍ത്തൊരു പിടി പിടിച്ചു 
"ഒക്കെ ഒരു വിധിയാടോ അല്ലേല്‍ എന്ത് മാത്രം പഠിച്ച ചെക്കനാ. എല്ലാര്‍കുമുള്ള പോലെ കൊറച്ചു രാഷ്ട്രീയവും അല്പം പ്രവര്‍ത്തനവുമൊക്കെ ഇവനും ഉണ്ടായിരുന്നു പക്ഷെ മറ്റുള്ളവരെ പോലെ അതില് മാത്രം ശ്രദ്ധിക്കാതെ രഘു നന്നായി പഠിക്കാനും ജോലിക്ക് വേണ്ടി പരീക്ഷ എഴുതാനുമൊക്കെ ഉത്സാഹിച്ചു. അവനെ ദൈവം സഹായിക്കുകയും ചെയ്തു ഗവര്‍മെണ്ട് ജോലിയില്‍ കയറാനുള്ള പരീക്ഷയും പാസ്സായി നിയമന കടലാസിനായി കാത്തിരിക്കുമ്പോഴാണ് അവനാ സത്യം മനസ്സിലാക്കിയത് താന്‍ കാത്തു നില്‍ക്കുന്ന ജോലി തനിക്കു കിട്ടില്ല എന്നാ മഹാ സത്യം. തന്റത്ര യോഗ്യതയില്ലാത്ത സ്വന്തം പാര്‍ട്ടീ നേതാവിന്റെ മരുമകന്‍ ആ ജോലി തട്ടിയെടുത്തിരിക്കുന്നു ഉദ്യോഗസ്ഥരെയും ഗവര്‍മെന്റിനെയും സ്വാദീനിച്ചു രഘുവിന്റെയുംമറ്റു യോഗ്യത ഉള്ളവരുടെയും നിയമന ഉത്തരവ് മരവിപ്പിച്ചു ലക്ഷങ്ങള്‍ കോഴ വാങ്ങി വിദഗ്ദമായി തട്ടിപ്പ് നടത്തിയിരിക്കുന്നു. ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷയായിരുന്നു അവനു ആ ജോലി ,രണ്ടു സഹോദരിമാര്‍ അമ്മ, പെന്‍ഷനായ അച്ഛന്‍, കണ്ണില്‍ ഇരുട്ട് കയറിയ പയ്യന്‍ ഒന്ന് നോക്കാതെ എടുത്തു ചാടി നേതാവിനെയും മരുമകനെയും കുത്തി. ഒന്നും മനപൂര്‍വ്വം അല്ലടോ ! ചോദ്യം ചെയ്യണം എന്നേ ചെക്കന്‍ കരുതിയുള്ളൂ പക്ഷെ അവര് കയ്യേറ്റം ചെയ്തപ്പോള്‍ ചെക്കന്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്തു വീശിയതാ. തെളിവും സാക്ഷികളും ഒക്കെ എതിരായി അങ്ങനെ രണ്ടു വര്‍ഷം ഇവിടെയായി ...... നേതാവിന്റെ എച്ചില്‍ പട്ടികള്‍ കുറെ പേരുണ്ടല്ലോ ഈ ജയിലിലും  അവരും പയ്യനെ നിരന്തരം നന്നായി കൈകാര്യം ചെയ്തു..... ഒക്കെ വിധിയാടോ "  
രഘു നടന്നകന്ന റോഡിലേക്ക് നോക്കികൊണ്ട്‌ രാമന്‍ പിള്ള സംസാരം അവസാനിപ്പിക്കുമ്പോള്‍ അടുത്ത് നിന്ന സുഹൃത്തിന്റെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നു വീണു. 
അപ്പോഴും രഘു  നടക്കുകയായിരുന്നു ലക്ഷ്യമില്ലാത്ത യാത്ര മനസ്സില്‍ വികാരങ്ങളുടെയും സങ്കടങ്ങളുടെയും വേലിയേറ്റങ്ങള്‍ നടക്കുന്നത് മുഖത്ത് ദ്രിശ്യമായിരുന്നു.കരഞ്ഞു തളര്‍ന്ന കണ്ണുകളാല്‍ സ്വീകരിക്കുന്ന അനുജത്തിമാരെയും കിടക്കയില്‍ നിന്നും ദൈന്യതയോടെ നോക്കുന്ന അമ്മയെയും പ്രതീക്ഷകള്‍ മുഴുവന്‍ നശിച്ചു നിര്‍വികാരനായി പുസ്തകത്താളുകളില്‍ മുഖം മറച്ചിരിക്കുന്ന അച്ഛനെയും കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവന്‍. വീട്ടിലേക്കു പോകുവാന്‍ രഘുവിന് മനസ്സു അനുവദിച്ചില്ല. എന്തിനെയും ആഘോഷമാക്കുന്ന നാട്ടുകാര്‍ പരിഹാസത്തോടെയും മുന വെച്ച സംസാരതോടെയുമാകും തന്നെ സ്വീകരിക്കുക എന്ന് അവനു ഉറപ്പായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഏതോ ഒരു രക്തസാക്ഷിയുടെ പേരില്‍ സ്ഥാപിച്ച ബസ്സ്‌ ഷെല്‍ട്ടറില്‍ അവന്‍ മുഖം കുനിച്ചിരുന്നു അപ്പോഴും മനസ്സില്‍ അവന്‍ ദൈവത്തോട് ചോദിച്ചു കൊണ്ടേയിരുന്നു.
" ഞാന്‍ എന്ത് തെറ്റ് ചെയ്തു ? ഇനി ഞാന്‍ എന്ത് ചെയ്യണം."
പെട്ടെന്ന് തലയുയര്‍ത്തി ചുറ്റുപാടുകള്‍ നോക്കി എന്തോ മനസ്സിലുറപ്പിച്ചു രഘു വീണ്ടും നടന്നു........ ലക്ഷ്യമുള്ള യാത്ര 
റോഡില്‍ നിറയെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു കൊടികളും തോരണങ്ങളും മറ്റു അലങ്കാരവും കൊണ്ട് അവര്‍ ടൌണ്‍ അലങ്കരിച്ചിരിക്കുന്നു കയ്യില്‍ കൊടികള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചും അവര്‍ ആരെയോ കാത്തു നില്‍ക്കുകയാണ് വര്‍ണ്ണ പോസ്റ്ററുകള്‍ മതിലുകളില്‍ നിരന്നു കിടക്കുന്നു. വലിയ ഫ്ലെക്സ്  ബോര്‍ഡില്‍ കൂപ്പു കയ്യുമായി നിരവധി നേതാക്കന്മാര്‍ നിരന്നു നില്‍ക്കുന്നു.
 പൊടുന്നനെ ഒരു വിളംബര വാഹനത്തിനു തൊട്ടു പിന്നാലെ ആയിരങ്ങള്‍ അണി നിരന്ന ജാഥയും നിരവധി നേതാക്കളും ആവേശത്തില്‍ കടന്നു വന്നു.അണികളും നേതാകളും ആവേശത്തിലാണ്. വിളംബര വാഹനത്തില്‍  നിന്നും ഒരാള്‍ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നു "ജന വിരുദ്ധ ഭരണത്തിനെതിരെ അഴിമതിക്കെതിരെ സ്വജന പക്ഷപാതത്തിനും വിലക്കയറ്റത്തിനും എതിരെ ശക്തമായി ജന വികാരം ഉണര്‍ത്താന്‍ ആണീ യാത്ര"........................ അയാള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
തിങ്ങി നിറഞ്ഞ ജനങ്ങളുടെ നടുവിലൂടെ രഘു നടന്നു നീങ്ങി റെയില്‍വേ പാളം ലക്ഷ്യമാക്കി 
"തനിക്കും വേണം മോചനം ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്നും...... മൂന്നു തലമുറ തിന്നേണ്ട പൊതു മുതലുകള്‍ കട്ടുമുടിച്ച ഹിമാലയന്‍ അഴിമതികള്‍ നടത്തിയ ചെറ്റകളുടെ ഗീര്‍വാണം കേള്‍ക്കുമ്പോള്‍ വേശ്യ നടത്തുന്ന ചാരിത്ര്യ പ്രസംഗം പോലെ തോന്നുന്നു. കോഴിയെ കട്ടവനും തേങ്ങ കട്ടവനും, വിശന്നു വലയുമ്പോള്‍ ഭക്ഷണം കട്ടവനും ജയിലില്‍, കണക്കില്ലാത്ത പൊതു മുതലുകള്‍ കട്ടവന്‍ മാധ്യമങ്ങളില്‍ നിഷേധിച്ചും പ്രതികരിച്ചും ഒരു സൂപ്പര്‍ സ്ടാറിനെ പോലെ തിളങ്ങുന്നു. ഇതൊക്കെ കാണേണ്ട  ന്യായാധിപന്മാര്‍ കണ്ണ് മൂടികെട്ടിയ നീതി ദേവതക്കു മുന്നിലിരുന്നു കൊഞ്ഞനം കുത്തുന്നു അവര്‍ വഴി വിട്ട ബന്ധങ്ങള്‍ സ്ഥാപിച്ചു ലാഭമുണ്ടാക്കുന്നു .ഒന്നും കണ്ടില്ലെന്നു നടിക്കുന്നു . ഗവര്‍മെന്റ് ഉദ്യോഗസ്ഥന്മാരും നിയമ നിര്‍വ്വഹകരും റബ്ബര്‍ സ്റ്റാമ്പ് പോലെ പ്രവര്‍ത്തിക്കുന്നു. വില കയറ്റം ജനങ്ങളുടെ മൂക്കറ്റം എത്തിയിരിക്കുന്നു എന്നിട്ടും  ഒന്നും മനസ്സിലാകാതെ അല്ലെങ്കില്‍ എല്ലാം മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിച്ചു കൊണ്ട് പൊതു ജനം ഇപ്പോഴും ജയ് വിളിച്ചു കൊണ്ടിരിക്കുന്നു. ആര്‍ക്കാണ് യാതാര്തത്ത്തില്‍ മോചനം  വേണ്ടത്?" 
ബാധ്യതകളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നുമൊരു മോചനം വില കയറ്റവും ചൂഷണവും കള്ളവുമില്ലതോരിടതെക്കൊരു യാത്ര, രഘുവിന്റെ 'മോചന യാത്ര' റെയില്‍ പാളത്തിലൂടെ ............
 ചീറി പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക്‌ .........  
അപ്പോഴും ദൂരെ അണികളുടെ മുദ്രാവാക്യം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ................... 

Monday, January 10, 2011

ശ്രീ ഒസാമ ബിന്‍ ഹിമവല്‍ ബദ്രാനന്ദ

Posted by ചാക്യാര്‍ 9:49 AM, under | 2 comments

'തോക്ക്' സ്വാമി എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്വാമി ഹിമവല്‍ ബദ്രാനന്ദയുടെ ഏറ്റവും പുതിയ വീഡിയോ സംഭാഷണങ്ങള്‍ യു ടുബില്‍ "ആരാധ്യനായ ആഭ്യന്ദര മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ അവര്‍കാലോടായി കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്"............. എന്ന് തുടങ്ങുന്ന വീഡിയോയില്‍ (വീഡിയോ താഴെ) മാധ്യമങ്ങള്‍കെതിരെയും പോലീസിനെതിരെയും ശക്തമായ ഭാഷയില്‍ ആണ് ഹിമവല്‍ ബദ്രാനന്ദ സംസാരിക്കുന്നത്. തന്റെ ആദ്യ യൂ ട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന പോലീസുകാരെയും ഹിമവല്‍ ബദ്രാനന്ദ ഭീഷണിപെടുതുന്നുണ്ട്. 
ഉള്ളടക്കം ഇങ്ങനെ,
“എന്‍റെ വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണം. ആ വീഡിയോ അവിടെ ഇരുന്നോട്ടെ. മാധ്യമങ്ങളുടെ വാക്കുകള്‍ കേട്ട് എനിക്കെതിരെ തിരിയരുത്. കുറുക്കന്‍റെ ബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. നീചകര്‍മ്മം ചെയ്യുന്നവരാണ് അവര്‍. മാധ്യമപ്രവര്‍ത്തകരെ ഞാന്‍ അടിക്കുകയാണെങ്കില്‍ പൊലീസില്‍ അറിയിച്ച ശേഷം നേരിട്ടുചെന്നേ അത് ചെയ്യുകയുള്ളൂ. ഞാന്‍ ഒറ്റയ്ക്കേ അത് ചെയ്യൂ. വേറെ ആരെയും കൂടെ കൂട്ടില്ല. എനിക്കെതിരെ പ്രശ്നങ്ങളുണ്ടായപ്പോള്‍ പല ഗുണ്ടാസംഘങ്ങളില്‍ പെട്ട ആളുകളും എന്‍റെയടുത്തുവന്നു. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ അവര്‍ സഹായിക്കാമെന്ന് പറഞ്ഞു. പക്ഷേ ഗുണ്ടാസംഘങ്ങളില്‍ പെട്ട കുട്ടികളെ ഞാന്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. അവര്‍ക്ക് ഞാന്‍ ആന്‍റി ക്രിമിനല്‍ കൌണ്‍സിലിംഗ് നല്‍കി” - ഭദ്രാനന്ദ വിശദീകരിക്കുന്നു.

“ആണും പെണ്ണും കെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. എല്ലാ വാര്‍ത്തകളുടെയും പകുതി അവര്‍ വിഴുങ്ങും. കാവ്യാമാധവന് ഞാന്‍ നഗ്നപൂജ ചെയ്തു എന്ന വാര്‍ത്തയും അങ്ങനെയുണ്ടായതാണ്. ‘കാവ്യയ്ക്ക് മാനഹാനിയുണ്ടാകും’ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിച്ചതാണ്. അക്കാര്യം ഡേറ്റ് അടക്കം എഴുതി വച്ചിരുന്നു. കാവ്യയുടെ പിതാവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അയാള്‍ അത് കാര്യമാക്കിയില്ല. അയാള്‍ അട്ടര്‍ വേസ്റ്റാണെന്ന് ഞാന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തന്തമാരായാല്‍ ഉത്തരവാദിത്തം വേണം” - ഭദ്രാനന്ദ പറയുന്നു.

“എന്‍റെ പെറ്റമ്മ, എന്‍റെയമ്മയല്ല എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമാണ് മാതൃഭൂമി. ഇതിന് ഞാന്‍ പണിതരും എന്ന് പി വി ഗംഗാധരനോട് നേരിട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കേസും കൊടുത്തിട്ടുണ്ട്. മനോരമയോട് കളിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. തീവ്രവാദ സംഘടകളുമായി ബന്ധമുള്ളവര്‍ മനോരമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാര്യം എനിക്കറിയാം. അത് അന്വേഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം. ക്രിസ്ത്യന്‍ സഭകള്‍ പറയുന്നതാണ് മനോരമയ്ക്ക് വലുത്. എത്രയോ സന്തോഷ് മാധവന്‍‌മാര്‍ സഭകള്‍ക്കുള്ളിലുണ്ട്. അതൊന്നും ആരും കാണുന്നില്ല. സനാതനധര്‍മ്മമനുസരിച്ച് ജീവിക്കുന്നവനാണ് ഞാന്‍. കോടിയേരീ, നിങ്ങളുടെ പാര്‍ട്ടിക്ലാസുകളിലും സനാതനധര്‍മ്മം പഠിപ്പിക്കണം. ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സനാതന ധര്‍മ്മം പഠിപ്പിക്കണം. അപ്പോള്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും” - ആഭ്യന്തരമന്ത്രിയോട് ഭദ്രാനന്ദ ഉപദേശമായി പറയുന്നു.

“ഞാന്‍ ഗുണ്ടാ സ്വാമി ആണെന്നാണ് ഒരു ആരോപണം. അത് ശരിയാണ്. ലോകത്തേറ്റവും വലിയ ഗുണ്ടയായ പരമശിവനെയാണ് ഞാന്‍ ആരാധിക്കുന്നത്. അദ്ദേഹമാണ് ഏറ്റവും വലിയ ഡോണ്‍. അദ്ദേഹത്തിന്‍റെ ഒരു സബ് കോണ്‍‌ട്രാക്ടറാണ് ഞാന്‍. എന്‍റെ പിതൃസ്ഥാനത്ത് ഞാന്‍ കാണുന്നത് കോടതിയെയാണ്. എനിക്കൊരു പ്രശ്നമുണ്ടായപ്പോള്‍ എന്‍റെ ഹൃദയം കാണാന്‍ കോടതിയേ ഉണ്ടായിരുന്നുള്ളൂ. കോടതി എന്‍റെ ക്ഷേത്രമാണ്. ജഡ്ജിയാണ് അവിടുത്തെ പ്രതിഷ്ഠ. വക്കീലന്‍‌മാര്‍ പൂജാരിമാര്‍. അവിടെ പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനാണ് ഞാന്‍” - ഭദ്രാനന്ദ സ്വയം വിലയിരുത്തുന്നു.

“കോടിയേരി ബാലകൃഷ്ണന്‍ എന്ന പഴയ കമ്യൂണിസ്റ്റുകാരനെയാണ് ഞാന്‍ ‘ബാലേട്ടാ’ എന്ന് സംബോധന ചെയ്തത്. ഇപ്പോഴത്തെ കോടിയേരിയെയല്ല. എനിക്കെതിരെ ഒരു മേയ് 17ന് കള്ളക്കേസ് ഉണ്ടാക്കിയപ്പോള്‍ മറ്റൊരു മേയ് 17ന് തിരിച്ചൊരു പണി കിട്ടിയത് ഓര്‍മ്മ കാണുമല്ലോ. എല്ലാത്തിനും എനിക്ക് 3 രൂപ 75 പൈസയുടെ ചെലവേ ഉള്ളൂ. ഒരു മുട്ടയുടെ വില.” - സ്വാമി പറയുന്നു.

“എന്‍റെ വീഡിയോകള്‍ നിരോധിക്കാന്‍ ഇറങ്ങിയിരിക്കുന്ന പൊലീസുകാരോട് എനിക്കൊന്നേ പറയാനുള്ളൂ. എനിക്ക് എന്‍റെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇവിടെ ഒരു മാധ്യമവും ഇല്ലാതെ വന്നപ്പോഴാണ് സായിപ്പ് ഉണ്ടാക്കിവച്ച യൂട്യൂബിനെ ഞാന്‍ ആശ്രയിച്ചത്. ഇനി ഞാന്‍ തുരുതുരെ വീഡിയോ പുറത്തുവിടും. തടയാന്‍ ആര്‍ക്കുമാവില്ല” - സ്വാമി വെല്ലുവിളിക്കുന്നു.

കേരളത്തില്‍ തീവ്രവാദം വളരുന്നതിന് പരിഹാരമായി തന്‍റെ ‘മെഡിസിന്‍ ഫോര്‍ ടെററിസം’ എന്ന വീഡിയോ കാണാനും കോടിയേരി ബാലകൃഷ്ണനെ ഹിമവല്‍ ഭദ്രാനന്ദ ഉപദേശിക്കുന്നു.(
വെബ്‌ ദുനിയയില്‍ നിന്നും ചുരണ്ടിയത് )


2011 january 09 പുറത്തു വന്ന യു ട്യൂബ് വീഡിയോ 

സ്വാമിയുടെ അടിപൊളി അഭിമുഖം അടക്കം മുപ്പതോളം വീഡിയോ പോസ്റ്റു ചെയ്ത യു ട്യൂബ് ചാനല്‍ ഇതാണ് 
http://www.youtube.com/user/karmaworld0
ഹ ഹ ഹ ഇതൊക്കെ കണ്ടും കേട്ടും ചിരിക്കാതെ വേറെ എന്ത് ചെയ്യാനാണ് അല്ലെ ബാലേട്ടാ .............................

Sunday, January 9, 2011

ഇപ്പൊ ആരാ സില്‍സില ആയതു ...

Posted by ചാക്യാര്‍ 12:31 AM, under | 4 comments

സില്‍സില ഹേ സില്‍സില ( വീണ്ടും )
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( വീണ്ടും )
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില 
വീണ്ടും )

മലയാളത്തിലെ ഏറ്റവും കു പ്രസിദ്ദമായ വീഡിയോ ആല്‍ബം. ഹരിശങ്കര്‍ കലവൂര്‍ എന്ന കലാകാരന്റെ സൃഷ്ട്ടി. യൂടൂബില്‍ അപ് ലോട് ചെയ്ത മലയാള വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ തെറികേട്ടതും ഏറ്റവും വേഗത്തില്‍ പ്രചാരണം ലഭിക്കുകയും ചെയ്ത ആല്‍ബം. വീഡിയോ അപ് ലോട് ചെയ്ത യൂസറെയും വീഡിയോ നിര്‍മ്മിച്ച്‌ പാടുകയും ആടുകയും ചെയ്ത ആല്‍ബം ഉടമകളെയും തെറി എഴുതി തെറി എഴുതി കൈ കഴഞ്ഞ യൂ ട്യൂബ് ആസ്വാദകരെ ഞെട്ടിച്ചു കൊണ്ടൊരു പുതിയ വാര്‍ത്ത.

കു പ്രസിദ്ദമായ സില്‍സില ഗാനം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ത്രീ കിങ്ങ്സ് എന്ന മലയാള സിനിമയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. യുവ താരങ്ങള്‍  ജയസൂര്യയും സംവൃത സുനിലുമാണ് ഈ ഗാന രംഗത്ത് ആടി തിമിര്‍ക്കുന്നതത്രേ. ഗാന രംഗത്തിന്റെ റിക്കോഡ്‌ സില്‍സിലയുടെ സൃഷ്ട്ടാക്കളുടെ സാന്നിദ്യത്തില്‍ തന്നെ പൂര്‍ത്തിയായി കഴിഞ്ഞു എന്നാണു റിപ്പോട്ടുകള്‍. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷകണക്കിന് യൂ ട്യൂബ് പ്രേക്ഷകര്‍ വീണ്ടും വീണ്ടും കണ്ട സില്‍സിലക്കു എണ്‍പത് ശതമാനം പ്രേക്ഷകരും വളരെ മോശമായാണ് പ്രതികരിച്ചത്. യൂ ട്യൂബ് പ്രേക്ഷകര്‍ എത്ര ശ്രമിച്ചിട്ടും തകരാത്ത മനശക്തിയുമായി വീഡിയോ ഡിലീറ്റു ചെയ്യാതെ മുന്നോട്ട് പോയ ഹരിശങ്കറിനു അവസാനം തന്റെ പ്രയത്നതിനുള്ള പാരിതോഷികം ലഭിച്ചത് ഇങ്ങനെയായി. ആല്‍ബത്തിന്റെ കുപ്രസിദ്ദി മുതലെടുത്ത്‌ സിനിമയെ പൊതുജന ശ്രദ്ദയാകര്ഷിക്കാനുള്ള ത്രീ കിങ്ങ്സ് ഉടമകളുടെ ശ്രമമല്ലേ ഇത് എന്ന് സംശയിക്കുന്ന വായനക്കാര്‍ മനസ്സിലാക്കുക സില്‍സില ഒരു മഹത്തായ സൃഷ്ട്ടി ആണ് നിങ്ങളെ ആകര്‍ഷിച്ച എന്തോ ഒരു പ്രത്യേകത ആ ഗാനതിനുണ്ടായിരുന്നു. ഇതിനു മുന്‍പ് ഈസ്റ്റ് കോസ്റ്റു വിജയന്‍ സാറിന്റെ ആല്‍ബം മാത്രമാണ് സിനിമയിലേക്ക് പോയി ശ്രദ്ദിക്കപെട്ടത്‌ എന്നാണു എന്റെ വിശ്വാസം. കാക്കതൊള്ളായിരം ആല്‍ബങ്ങള്‍ ഇറങ്ങുന്ന നമ്മുടെ നാട്ടില്‍ നാം ഒരിക്കല്‍ പോലും കാണാത്ത നിരവധി ആല്‍ബങ്ങള്‍ ഉണ്ടെന്നു ഓര്‍ക്കുക. തലതിരിഞ്ഞ കാരണങ്ങള്‍ കൊണ്ട് മാത്രം ഹിറ്റായ സില്‍സിലയുടെ തല വര മാറ്റി മറിക്കാന്‍ ചിത്രത്തിലൂടെ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. മലയാളത്തില്‍ ഇനിയും ഇത്തരത്തിലുള്ള ആല്‍ബങ്ങള്‍ ഉണ്ടാവട്ടെ, അവയെല്ലാം ശ്രദ്ടിക്കപ്പെടട്ടെ. കാമ്പുള്ള കഥയും അഴകൊത്ത നടിയും മസില്‍ കച്ചോടക്കാരന്‍ നടനും മോശമില്ലാത്ത പാട്ടും ഉണ്ടെങ്കിലെ ആല്‍ബം പിടിക്കൂ എന്ന് പറയുന്ന ചീള് മസിലു പിടിച്ചു നടക്കുന്ന ആല്‍ബം സംവിധായകന്മാരെ.................. കണ്ടു പഠിക്കൂ ഹരി ശങ്കറിനെ. 
ഹാസ്യത്തിന്  പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ത്രീ കിങ്ങ്സ് സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്തു , ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആവുന്നു. എളുപ്പ മാര്‍ഗ്ഗത്തില്‍ കൊടീശ്വരന്മാരാകാന്‍ ആഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരുടെ കഥയാണ്‌ വി കെ പ്രകാശ് ത്രീ കിങ്ങ്സിലൂടെ പറയുന്നത്.

ഒന്ന് കൂടി കാണുമോ സില്‍സില ഹേ സില്‍സില 

ത്രീ കിങ്ങ്സ് വീഡിയോ ട്രെയിലര്‍ 

Saturday, January 8, 2011

അനുഗ്രഹിക്കൂ ആശീര്‍വദിക്കൂ ...........

Posted by ചാക്യാര്‍ 10:23 AM, under | 1 comment



ട്ട പേരില്ലാതെ കൂട്ടത്തില്‍ ഞെളിഞ്ഞു നടന്ന എന്റെ കൂട്ടുകാരന് ഞാനൊരു പേരിട്ടു 'നത്ത് ' ഉണ്ട കണ്ണുകളുള്ള എന്റെ സ്നേഹിതന്‍ എനിക്ക് തിരിച്ചിട്ട പേര് 'ചാക്യാര്‍' എന്നായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് സമകാലീന പ്രശ്നങ്ങളെയും  മറ്റു സംഭവങ്ങളെയും  വളരെ രസകരമായി അവതരിപ്പിക്കുന്ന 'ചാക്യാര്‍'. എന്തും വിളിച്ചു പറയാന്‍ ചാക്യാര്‍ക്കാവും വേണമെങ്കില്‍ സദസ്സിനെയും കാണികളെയും ചാക്യാര്‍ കളിയാക്കും പക്ഷെ കളി കഴിയുമ്പോഴേക്കും കാണികളുടെ മനസ്സില്‍ ഒരു നല്ല ചിന്തയും പുത്തന്‍ പ്രതീക്ഷകളും ഉണര്തിയെടുക്കാന്‍ ചാക്യാര്‍ക്കാവും. ഈ കഴിവൊന്നും എനിക്കില്ല എങ്കിലും വല്യ തരക്കേടില്ലാത്ത പേരായതു കൊണ്ട് ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല ഇനി എന്തെങ്കിലും മിണ്ടിയിട്ടും കാര്യമൊന്നും ഇല്ല. വടി കൊടുത്തു അടി വാങ്ങിച്ചിട്ട് പിന്നേം എന്തെങ്കിലും പറഞ്ഞാല്‍ പേര് വല്ലാതെ ബോറാകും എന്നെനിക്കറിയാമായിരുന്നു. 
ഒരു വര്‍ഷത്തെ പ്രവാസ ജീവിതം ചാക്യാര്‍ വിജയകരമായി പൂര്ത്തീകരിചിരിക്കുന്നു ദിവസേനയുള്ള പത്ത് മണിക്കൂര്‍ ജോലിയില്‍ ഒരു പാട് ബ്ലോഗ്ഗര്‍ മാരെ പരിജയപെടാനും അവരുടെ പോസ്റ്റുകള്‍ ആര്‍ത്തിയോടെ വായിക്കാനും സാധിച്ചു അങ്ങനെയാണ് എനിക്കും ഒരു ബ്ലോഗ്ഗര്‍ ആയാല്‍ എന്താ എന്ന ചിന്ത ഉണ്ടായത്. സത്യത്തില്‍ മാസങ്ങള്‍ക്ക് മുന്‍പേ ആലോചനയും തയ്യാറെടുപ്പും നടത്തിയിരുന്നു പക്ഷെ എന്തോക്കൊയോ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും ഉദ്യമത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ ആധുനിക കാല ഘട്ടത്തില്‍ ഒരു വ്യക്തിക്ക് തന്റെ അഭിപ്രായങ്ങളും ലേഘനങ്ങളും പ്രതികരണവും മറ്റു സാഹിത്യ സൃഷ്ട്ടികള്‍ എന്നിവയെല്ലാം പ്രസിദ്ദീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആണ് ബ്ലോഗ്‌. അത് കൊണ്ട് തന്നെയാവാം മലയാള ബൂലോകത്തില്‍ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ വിലസുന്നത്. പോസ്റ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും മീതെ ശക്തമായ സൌഹൃദങ്ങള്‍ ഉടലെടുക്കുന്നതും വിത്യസ്ത കാഴ്ച്ചപാടുകളുടെയും ആശയ സംഘട്ടനങ്ങളുടെയും വേദിയായി പല ബ്ലോഗുകളും മാറുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. ഓരോ വ്യക്തിക്കും എഴുതാനും പറയാനും പങ്കു വെക്കാനുമായി പലതും മനസ്സിനകത്ത് ഉണ്ടാവാം എന്നാല്‍ അതിനൊരു വേദി ഇല്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഞാനൊരു വേദി കണ്ടെത്തിയിരിക്കുന്നു എഴുതാന്‍ ഒരു പേരും 'ചാക്യാര്‍' (വട്ട പേരാണേ) ഈ പേരില്‍ ആരെങ്കിലും എഴുതുന്നുണ്ടോ എന്നെനിക്കറിയില്ല എന്തായാലും ഇനി ഞാന്‍ പേര് വിട്ടു തരാന്‍ ഉദ്ദേശിക്കുന്നില്ല കാരണം ഇപ്പോള്‍ ഞാന്‍ ഈ പേരിനെ ഇഷ്ട്ടപ്പെടുന്നു എന്നത് തന്നെ. എന്റെ ഈ ഉദ്യമം ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നവരെയും തികഞ്ഞ അവഗ്നതയോടെ പുച്ഛത്തോടെ എറിയാന്‍ തക്കം പാര്ത്തിരിക്കുന്നവരെയും ചാക്യാര്‍ കാണുന്നുണ്ട്. എന്തിരുന്നാലും ശെരി മലയാള ഭൂലോകത്തെ ഒരു ചെറിയ കണികയായി ഇനി ഈ ചാക്യാരും കാണും . എന്റെ ചിന്തകളും വികൃതികളും കൂട്ടിയിടാന്‍ വേണ്ടി മാത്രം ഒരിടം.ചാക്യാരെ സ്നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ................