Tuesday, January 18, 2011

എനിക്കും വേണം മോചനം .....

Posted by ചാക്യാര്‍ 12:37 AM, under | 1 comment



ലിയ ഇരുമ്പ് കവാടത്തിന്റെ ചെറിയ വാതിലിലൂടെ രഘു പുറത്തിറങ്ങി. മഴ പെയ്തൊഴിഞ്ഞ ഇരുണ്ടു മൂടിയ കാലാവസ്ഥ,നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ കാല്പാടുകള്‍ തെളിഞ്ഞു കാണാം മഴത്തുള്ളികള്‍ ഇലകളില്‍ നിന്നും ഓടുകളില്‍ നിന്നും ഇറ്റിറ്റു വീണു കൊണ്ടിരുന്നു താളം തെറ്റിയ നാടിനും ബോധമില്ലാത്ത മനുഷ്യനുമൊപ്പം മഴയും മത്സരിക്കുന്നു, നിര്‍ത്താതെ തന്റെ രോഷം പ്രകടമാക്കുന്നു. കൃത്യമായ മാസ കണക്കുകളൊക്കെ മഴയും മറന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നോ ഒഴുകിയെത്തിയ തണുത്ത കാറ്റ് രഘുവിന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിച്ചു. നനഞ്ഞു കുളിച്ച പക്ഷികള്‍ മരചില്ലകളില്‍ ഉറക്കം തൂങ്ങി ഇരിക്കുന്നു. റോഡിനിരുവശത്തും മഴയില്‍ സ്വമേധയാ ഉണ്ടായ ചാലുകളിലൂടെ മഴ വെള്ളം ചെറിയ ശബ്ദം പുറപ്പെടുവിച്ചു ഒഴുകി കൊണ്ടിരുന്നു. കുറച്ചു നേരം പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ചു കൊണ്ടിരുന്ന രഘു ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലേക്കിറങ്ങി അപ്പോഴാണ്‌  രഘുവിന്റെ മുന്നില്ലേക്ക് കലങ്ങിയ ചുവന്ന കണ്ണുകളും ആളെക്കാള്‍ മുന്നേ നടക്കുന്ന കുടവയറുമായി കോണ്‍സ്റ്റബിള്‍ രാമന്‍ പിള്ളയും ഒരു സുഹൃത്തും വന്നു പെട്ടത് .
"എന്ത രഘുവേ,ഒന്നും പറയാതെ പോവ്വാണോ? "
ഉവ്വ് എന്നര്‍ത്ഥം വരുന്ന ഒരു ചെറിയ ചിരി മാത്രമാണ് രഘു മറുപടിയായി കൊടുത്തത് . രഘുവിന്റെ കയ്യില്‍ ചെറുതായി തൊട്ടു കൊണ്ട് രാമന്‍പിള്ള ചോദിച്ചു 
" ഇനി എപ്പോഴാന്നെടോ ഇങ്ങോട്ടൊക്കെ? "
കയ്യില്‍ പൊതിഞ്ഞു വെച്ചിരുന്ന വസ്ത്രകെട്ടു കക്ഷത്തില്‍ വെച്ച് മുഖത്ത് ഭാവ മാറ്റങ്ങള്‍ ഒന്നും വരാതെ രഘു തമാശ രൂപേനെ പറഞ്ഞു 
" എന്റെ പോന്നു രാമന്‍ സാറേ ഇനിയും ഈ നരകത്തിലേക്ക് തിരിച്ചു വരാനോ?  പോട്ടെ സാറേ ......." വാക്കുകള്‍ പൂര്‍ണ്ണമാകുന്നതിനു മുന്‍പ് തന്നെ രഘു നടത്തം ആരംഭിച്ചിരുന്നു.
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകലുന്ന രഘുവിനെ കുറിച്ച് രാമന്‍ പിള്ളയോടായി സുഹൃത്ത് 
" ലെവന്‍ ഇത്തിരി മുറ്റാനെന്നു തോന്നുന്നു!! അവന്റെ മുഖത്തും ആ പെരുമാറ്റത്തിലും ഒക്കെ ഒരു വല്ലാത്ത നിഖൂടത ഖനീഭവിച്ചു കിടക്കുന്നുണ്ട്.പക്ഷെ കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്നതാനെന്നെ തോന്നൂ ഒരു മുഖശ്രീ ഒക്കെ ഉള്ള പയ്യനാ അല്ലെ രാമാ?" 
പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റു കൂടെടുത്ത് അതിലൊന്നിന് തിരി കൊടുത്തു രാമന്‍ പിള്ള വാചാലനാകാന്‍ തുടങ്ങി.
" എന്റെ പന്ത്രണ്ടു വര്‍ഷത്തെ പോലീസ് ജീവിതത്തിനിടയില്‍ ഇത്തരത്തിലൊരു തടവ്‌ പുള്ളിയെ ഞാന്‍ കണ്ടിട്ടില്ല മാന്യമായ പെരുമാറ്റം എല്ലാവരോടും ബഹുമാനം ഉയര്‍ന്ന വിദ്യാഭ്യാസം....... 
രാമന്‍പിള്ള ആഞ്ഞു വലിച്ചൊരു പുകയെടുത്തു വേദനിപ്പിക്കാതെ കുറേശ്ശെയായി പുറത്തേക്കു വിട്ടു കൊണ്ട് സംസാരം തുടര്‍ന്നു
"ആ ചെക്കന്‍ വല്ല്യ തറവാട്ടില്‍ ഒന്നും അല്ലടോ ജനിച്ചത്‌. ഒരു ഇടത്തരം കുടുംബത്തിലെ ചെക്കനാ.... ഒരു എല്‍ പി സ്കൂള്‍ വാധ്യാരായിരുന്നു ചെക്കന്റെ അച്ഛന്‍. രഘുവിന് താഴെ രണ്ടു പെണ്മക്കളും വയ്യാതെ കിടക്കുന്ന ഒരു തള്ളയും അതാണ്‌ അവന്റെ കുടുംബം. അവന്റെ അച്ഛന്‍ വല്ല്യ സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയകാരനും ഒക്കെയാ ഇയാള് അദ്വാനിക്കുന്നതിന്റെ ഒരുപാതി പാര്‍ട്ടിയും അനുരച്ചരന്മാരും തിന്നു ആ വഹയില്‍ അയാള് കൊറേ കളഞ്ഞു കുളിച്ചു. പക്ഷെ കുറ്റം പറയരുതല്ലോ... മക്കളെ നന്നായി പഠിപ്പിച്ചു ആരുടെ മുന്നിലും പോയി കൈ നീട്ടാതെ അന്തസ്സായി പോറ്റി വളര്‍ത്തി. ഹാ............ ആ ചെക്കനിലായിരുന്നു അങ്ങേരുടെ ആകെയുള്ള ഒരു പ്രതീക്ഷ അത് ഇങ്ങനെയായി."
"അല്ല രാമാ .... ആ ചെക്കന്‍ എങ്ങനെയാ ഇവിടെയെത്തിയത് "
കയ്യിലെ സിഗരറ്റു കുറ്റി ചെരിപ്പിനടിയിലിട്ടു ഞെരിച്ചമര്‍ത്തി രാമന്‍ പിള്ള ഒരു വാഗ്മിയുടെ ഭാവത്തോടെ  പ്രകൃതി തത്വങ്ങളും വിധിയുടെ പരീക്ഷങ്ങളും ചേര്‍ത്തൊരു പിടി പിടിച്ചു 
"ഒക്കെ ഒരു വിധിയാടോ അല്ലേല്‍ എന്ത് മാത്രം പഠിച്ച ചെക്കനാ. എല്ലാര്‍കുമുള്ള പോലെ കൊറച്ചു രാഷ്ട്രീയവും അല്പം പ്രവര്‍ത്തനവുമൊക്കെ ഇവനും ഉണ്ടായിരുന്നു പക്ഷെ മറ്റുള്ളവരെ പോലെ അതില് മാത്രം ശ്രദ്ധിക്കാതെ രഘു നന്നായി പഠിക്കാനും ജോലിക്ക് വേണ്ടി പരീക്ഷ എഴുതാനുമൊക്കെ ഉത്സാഹിച്ചു. അവനെ ദൈവം സഹായിക്കുകയും ചെയ്തു ഗവര്‍മെണ്ട് ജോലിയില്‍ കയറാനുള്ള പരീക്ഷയും പാസ്സായി നിയമന കടലാസിനായി കാത്തിരിക്കുമ്പോഴാണ് അവനാ സത്യം മനസ്സിലാക്കിയത് താന്‍ കാത്തു നില്‍ക്കുന്ന ജോലി തനിക്കു കിട്ടില്ല എന്നാ മഹാ സത്യം. തന്റത്ര യോഗ്യതയില്ലാത്ത സ്വന്തം പാര്‍ട്ടീ നേതാവിന്റെ മരുമകന്‍ ആ ജോലി തട്ടിയെടുത്തിരിക്കുന്നു ഉദ്യോഗസ്ഥരെയും ഗവര്‍മെന്റിനെയും സ്വാദീനിച്ചു രഘുവിന്റെയുംമറ്റു യോഗ്യത ഉള്ളവരുടെയും നിയമന ഉത്തരവ് മരവിപ്പിച്ചു ലക്ഷങ്ങള്‍ കോഴ വാങ്ങി വിദഗ്ദമായി തട്ടിപ്പ് നടത്തിയിരിക്കുന്നു. ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷയായിരുന്നു അവനു ആ ജോലി ,രണ്ടു സഹോദരിമാര്‍ അമ്മ, പെന്‍ഷനായ അച്ഛന്‍, കണ്ണില്‍ ഇരുട്ട് കയറിയ പയ്യന്‍ ഒന്ന് നോക്കാതെ എടുത്തു ചാടി നേതാവിനെയും മരുമകനെയും കുത്തി. ഒന്നും മനപൂര്‍വ്വം അല്ലടോ ! ചോദ്യം ചെയ്യണം എന്നേ ചെക്കന്‍ കരുതിയുള്ളൂ പക്ഷെ അവര് കയ്യേറ്റം ചെയ്തപ്പോള്‍ ചെക്കന്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്തു വീശിയതാ. തെളിവും സാക്ഷികളും ഒക്കെ എതിരായി അങ്ങനെ രണ്ടു വര്‍ഷം ഇവിടെയായി ...... നേതാവിന്റെ എച്ചില്‍ പട്ടികള്‍ കുറെ പേരുണ്ടല്ലോ ഈ ജയിലിലും  അവരും പയ്യനെ നിരന്തരം നന്നായി കൈകാര്യം ചെയ്തു..... ഒക്കെ വിധിയാടോ "  
രഘു നടന്നകന്ന റോഡിലേക്ക് നോക്കികൊണ്ട്‌ രാമന്‍ പിള്ള സംസാരം അവസാനിപ്പിക്കുമ്പോള്‍ അടുത്ത് നിന്ന സുഹൃത്തിന്റെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നു വീണു. 
അപ്പോഴും രഘു  നടക്കുകയായിരുന്നു ലക്ഷ്യമില്ലാത്ത യാത്ര മനസ്സില്‍ വികാരങ്ങളുടെയും സങ്കടങ്ങളുടെയും വേലിയേറ്റങ്ങള്‍ നടക്കുന്നത് മുഖത്ത് ദ്രിശ്യമായിരുന്നു.കരഞ്ഞു തളര്‍ന്ന കണ്ണുകളാല്‍ സ്വീകരിക്കുന്ന അനുജത്തിമാരെയും കിടക്കയില്‍ നിന്നും ദൈന്യതയോടെ നോക്കുന്ന അമ്മയെയും പ്രതീക്ഷകള്‍ മുഴുവന്‍ നശിച്ചു നിര്‍വികാരനായി പുസ്തകത്താളുകളില്‍ മുഖം മറച്ചിരിക്കുന്ന അച്ഛനെയും കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവന്‍. വീട്ടിലേക്കു പോകുവാന്‍ രഘുവിന് മനസ്സു അനുവദിച്ചില്ല. എന്തിനെയും ആഘോഷമാക്കുന്ന നാട്ടുകാര്‍ പരിഹാസത്തോടെയും മുന വെച്ച സംസാരതോടെയുമാകും തന്നെ സ്വീകരിക്കുക എന്ന് അവനു ഉറപ്പായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഏതോ ഒരു രക്തസാക്ഷിയുടെ പേരില്‍ സ്ഥാപിച്ച ബസ്സ്‌ ഷെല്‍ട്ടറില്‍ അവന്‍ മുഖം കുനിച്ചിരുന്നു അപ്പോഴും മനസ്സില്‍ അവന്‍ ദൈവത്തോട് ചോദിച്ചു കൊണ്ടേയിരുന്നു.
" ഞാന്‍ എന്ത് തെറ്റ് ചെയ്തു ? ഇനി ഞാന്‍ എന്ത് ചെയ്യണം."
പെട്ടെന്ന് തലയുയര്‍ത്തി ചുറ്റുപാടുകള്‍ നോക്കി എന്തോ മനസ്സിലുറപ്പിച്ചു രഘു വീണ്ടും നടന്നു........ ലക്ഷ്യമുള്ള യാത്ര 
റോഡില്‍ നിറയെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു കൊടികളും തോരണങ്ങളും മറ്റു അലങ്കാരവും കൊണ്ട് അവര്‍ ടൌണ്‍ അലങ്കരിച്ചിരിക്കുന്നു കയ്യില്‍ കൊടികള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചും അവര്‍ ആരെയോ കാത്തു നില്‍ക്കുകയാണ് വര്‍ണ്ണ പോസ്റ്ററുകള്‍ മതിലുകളില്‍ നിരന്നു കിടക്കുന്നു. വലിയ ഫ്ലെക്സ്  ബോര്‍ഡില്‍ കൂപ്പു കയ്യുമായി നിരവധി നേതാക്കന്മാര്‍ നിരന്നു നില്‍ക്കുന്നു.
 പൊടുന്നനെ ഒരു വിളംബര വാഹനത്തിനു തൊട്ടു പിന്നാലെ ആയിരങ്ങള്‍ അണി നിരന്ന ജാഥയും നിരവധി നേതാക്കളും ആവേശത്തില്‍ കടന്നു വന്നു.അണികളും നേതാകളും ആവേശത്തിലാണ്. വിളംബര വാഹനത്തില്‍  നിന്നും ഒരാള്‍ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നു "ജന വിരുദ്ധ ഭരണത്തിനെതിരെ അഴിമതിക്കെതിരെ സ്വജന പക്ഷപാതത്തിനും വിലക്കയറ്റത്തിനും എതിരെ ശക്തമായി ജന വികാരം ഉണര്‍ത്താന്‍ ആണീ യാത്ര"........................ അയാള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
തിങ്ങി നിറഞ്ഞ ജനങ്ങളുടെ നടുവിലൂടെ രഘു നടന്നു നീങ്ങി റെയില്‍വേ പാളം ലക്ഷ്യമാക്കി 
"തനിക്കും വേണം മോചനം ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്നും...... മൂന്നു തലമുറ തിന്നേണ്ട പൊതു മുതലുകള്‍ കട്ടുമുടിച്ച ഹിമാലയന്‍ അഴിമതികള്‍ നടത്തിയ ചെറ്റകളുടെ ഗീര്‍വാണം കേള്‍ക്കുമ്പോള്‍ വേശ്യ നടത്തുന്ന ചാരിത്ര്യ പ്രസംഗം പോലെ തോന്നുന്നു. കോഴിയെ കട്ടവനും തേങ്ങ കട്ടവനും, വിശന്നു വലയുമ്പോള്‍ ഭക്ഷണം കട്ടവനും ജയിലില്‍, കണക്കില്ലാത്ത പൊതു മുതലുകള്‍ കട്ടവന്‍ മാധ്യമങ്ങളില്‍ നിഷേധിച്ചും പ്രതികരിച്ചും ഒരു സൂപ്പര്‍ സ്ടാറിനെ പോലെ തിളങ്ങുന്നു. ഇതൊക്കെ കാണേണ്ട  ന്യായാധിപന്മാര്‍ കണ്ണ് മൂടികെട്ടിയ നീതി ദേവതക്കു മുന്നിലിരുന്നു കൊഞ്ഞനം കുത്തുന്നു അവര്‍ വഴി വിട്ട ബന്ധങ്ങള്‍ സ്ഥാപിച്ചു ലാഭമുണ്ടാക്കുന്നു .ഒന്നും കണ്ടില്ലെന്നു നടിക്കുന്നു . ഗവര്‍മെന്റ് ഉദ്യോഗസ്ഥന്മാരും നിയമ നിര്‍വ്വഹകരും റബ്ബര്‍ സ്റ്റാമ്പ് പോലെ പ്രവര്‍ത്തിക്കുന്നു. വില കയറ്റം ജനങ്ങളുടെ മൂക്കറ്റം എത്തിയിരിക്കുന്നു എന്നിട്ടും  ഒന്നും മനസ്സിലാകാതെ അല്ലെങ്കില്‍ എല്ലാം മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിച്ചു കൊണ്ട് പൊതു ജനം ഇപ്പോഴും ജയ് വിളിച്ചു കൊണ്ടിരിക്കുന്നു. ആര്‍ക്കാണ് യാതാര്തത്ത്തില്‍ മോചനം  വേണ്ടത്?" 
ബാധ്യതകളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നുമൊരു മോചനം വില കയറ്റവും ചൂഷണവും കള്ളവുമില്ലതോരിടതെക്കൊരു യാത്ര, രഘുവിന്റെ 'മോചന യാത്ര' റെയില്‍ പാളത്തിലൂടെ ............
 ചീറി പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക്‌ .........  
അപ്പോഴും ദൂരെ അണികളുടെ മുദ്രാവാക്യം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ................... 

1 comments:

നന്നായിട്ടുണ്ട്.എല്ലാ ആശംസകളും

Post a Comment